പേജുകള്‍‌

2011, മേയ് 18, ബുധനാഴ്‌ച

റിയാലിറ്റിഷോ

ചെറുകഥ

ഇന്നോളം കണ്ടിട്ടുള്ളതില്‍ വച്ചും ഇനിയങ്ങോട്ട്‌ കാണാന്‍ കിട്ടിയേക്കാവുന്നതില്‍ വച്ചും ഏറ്റവും മാതൃകാപരമായ കുടുംബം സാക്ഷാല്‍ ഉണ്ണീശോ വാണ നസ്രത്തിലെ തിരുക്കുടുംബം. അലങ്കാര ദീപങ്ങള്‍ മിഴിതുറന്നു പാല്‍പ്പുഞ്ചിരി പൊഴിച്ചുനിന്ന തിരുക്കുടുംബത്തിന്റെ ഗ്രോട്ടോയ്‌ക്കു മുമ്പില്‍ മുട്ടുകുത്തിനിന്ന്‌ ഇരുകൈകളും ഉയര്‍ത്തി ജോര്‍ഡി പ്രാര്‍ഥിച്ചു, മാതാവേ യൗസേപ്പ്‌ പിതാവേ, ഉണ്ണീശോയേ...കോട്ടയം ജില്ലയിലെ പേരൂര്‍പുരം പഞ്ചായത്തില്‍ പതിനാലാം വാര്‍ഡില്‍ താമസിക്കുന്ന കരുവേലിക്കുന്നില്‍ സോളമന്റെയും മോളിയുടെയും മൂത്തമകന്‍ സോബിയും ഭാര്യയും ഡൈവോഴ്‌സിന്റെ വക്കിലാണെന്നുകേട്ടു..സന്തോഷം.
ഒന്നിച്ചൊരു ജീവിതം ഇനിയില്ലെന്നു ദൃഢപ്രതിജ്ഞയെടുത്തിരിക്കുന്ന ഇവരെ ആ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ സഹായിക്കുകയും അവരെ ഒരുമിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ കണ്ടില്ലെന്ന്‌്‌ നടിക്കുകയും ചെയ്‌താല്‍ ആളൊന്നുക്ക്‌ ഒരുകൂട്‌ കണക്കില്‍ മൂന്ന്‌കൂട്‌ മെഴുകുതിരി ഞാന്‍ തിരുനടയില്‍ കത്തിച്ചോളാമേ...പിന്നെ കണ്ണുകള്‍ മുറുകെയടച്ച്‌്‌ മുട്ടിന്‍മേല്‍ അങ്ങനെയങ്ങ്‌്‌ നിന്നു.
ആ നില്‍പ്പ്‌ ഏറെനേരം നീണ്ടതുകൊണ്ടാകണം മനസ്സിന്റെ ഭാരം മെല്ലെ ഇറങ്ങി കാല്‍മുട്ടിന്‍ ഉരുണ്ടുകൂടാന്‍ തുടങ്ങി. അതോടെ ജോര്‍ഡി മുട്ടുമ്മേല്‍ നില്‍പ്പ്‌ മതിയാക്കി പിന്നിലുള്ള ആളൊഴിഞ്ഞ ഒരു ബഞ്ചില്‍ ചെന്നിരുന്നു.മുട്ടുമ്മേല്‍ നില്‍പ്പ്‌ മനസ്സിനെ തെല്ലൊന്നു ശാന്തമാക്കിയപ്പോള്‍ ദാ പതിവുപോലെ കുറ്റബോധം തലപ്പൊക്കാന്‍ തുടങ്ങിയിരിക്കുന്നു. കുറച്ചുനാളായി ഇങ്ങനെയാണ്‌ .പ്രാര്‍ത്ഥിച്ചുകഴിയുമ്പോള്‍ തോന്നും വേണ്ടിയിരുന്നില്ലായെന്ന്‌. സ്വന്തം നന്‍മയ്‌ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതെല്ലാം അറിഞ്ഞോ അറിയാതെയോ മറ്റാരുടെയൊക്കെയോ പരാജയത്തിനുകൂടിയായിപ്പോകുന്നതുമൂലമാകാം ആ തോന്നല്‍. ആര്‍ക്കെങ്കിലുമൊക്കെ നന്‍മചെയ്യുന്നത്‌ ജീവിതത്തിന്റെ ഭാഗമല്ലാതായിട്ട്‌ നാളുകളേറെയായി..ഇപ്പോള്‍ കുറ്റബോധം തോന്നുന്നത്‌ ഒരാളുടെ നന്‍മയ്‌ക്കുവേണ്ടി മനസ്സ്‌്‌ തുറന്ന്‌ ഒന്നു പ്രാര്‍ത്ഥിക്കാന്‍ കൂടി സാധിക്കുന്നില്ലല്ലോയെന്നോര്‍ത്താണ്‌.ഇപ്പോള്‍ത്തന്നെ സ്വന്തം നിലനില്‍പ്പിനുവേണ്ടി ഇന്നുവരെ കണ്ടിട്ടില്ലാത്ത ഏതോ ഒരു കുടുംബത്തിന്റെ നാശത്തിനായി പ്രാര്‍ത്ഥിക്കേണ്ടി വന്നിരിക്കുന്നു...
പ്രാര്‍ത്ഥന ജീവിതത്തിന്റെ ഭാഗമായിട്ട്‌ ഏറെനാളായില്ല.കോളേജില്‍ പഠിച്ചിരുന്ന കാലത്ത്‌ നിരീശ്വരവാദിയായിരുന്നു.വിശ്വസിക്കുന്ന പ്രത്യയ ശാസ്‌ത്രത്തെ വ്യഭിചരിക്കില്ലായെന്ന ആവേശം ജീവിതത്തെ നയിച്ച കാലമായിരുന്നു അത്‌.എന്നാല്‍ വിശ്വാസത്തെ വ്യഭിചരിക്കുന്നതാണ്‌ കാലത്തിന്റെ ട്രെന്‍ഡെന്ന്‌ ഒപ്പം നടന്നവര്‍ തന്നെ ചൂണ്ടിക്കാണിച്ചുതന്നപ്പോള്‍ പ്രത്യയശാസ്‌ത്രം തിരിഞ്ഞുനിന്നു കൊഞ്ഞനം കുത്താന്‍ തുടങ്ങി.വായിച്ചറിയുന്നതും കേട്ടറിയുന്നതുമൊന്നുമല്ല അനുഭവിച്ചറിയേണ്ടതുതന്നെയാണ്‌ ജീവിതമെന്ന്‌ മനസ്സില്‍ മുട്ടിവിളിച്ച്‌ പറഞ്ഞ്‌ അച്ഛന്റെ മരണമെത്തിയതും അക്കാലയളവിലാണ്‌.അച്ഛന്റെ ചികിത്സ സമ്മാനിച്ച കടവും, അതിന്റെ ആഴം മനസ്സിലാക്കുന്നതിനുമുമ്പെത്തിയ പെങ്ങളുടെ വിവാഹവും നൂറുകൂട്ടം പ്രശ്‌നങ്ങളുടെ നടുവില്‍ കൊണ്ടുനിര്‍ത്തിയപ്പോഴേക്കും ഒരു തികഞ്ഞ വിശ്വാസിയായി മാറേണ്ടത്‌്‌ അത്യാവശ്യമായി മാറുകയായിരുന്നു.ജോര്‍ഡി മരബെഞ്ചില്‍ ഒന്നിളകിയിരുന്നു.ചിന്തകളില്‍ പാടേ അവഗണിച്ചൂവെന്ന്‌്‌ തിരുക്കുടുംബത്തിന്‌ തോന്നരുതല്ലോ.
ഇപ്പോള്‍ ജോലി ചെയ്യുന്നത്‌ ഒരു സ്വകാര്യ ചാനലിലാണ്‌.റേറ്റിങ്ങുകളില്‍ മുന്നില്‍ നില്‍ക്കുന്ന നിരവധിപ്രോഗ്രാമുകളിലൂടെ മലയാളിയുടെ സ്വീകരണമുറിയില്‍ സജീവമായ ഒരു ചാനലില്‍.തസ്‌തിക റിലേഷന്‍ഷിപ്പ്‌ മാനേജര്‍.മാനേജര്‍ എന്ന വിശേഷണമൊക്കെ പേരില്‍ മാത്രം.തറതുടയ്‌ക്കാന്‍ എത്തുന്നവര്‍പോലും അവിടെ ക്ലീനിങ്ങ്‌ മാനേജേഴ്‌സാണ്‌.പലിശയും കൂട്ടുപലിശയുമൊക്കെയായി കടം പെറ്റുപെരുകി, ഒരു ജോലിയിലും ഉറച്ചുനില്‍ക്കാന്‍ കഴിയാനാവാതെ അലഞ്ഞനാളുകള്‍ക്കൊടുവില്‍, പഠിക്കുന്നകാലത്ത്‌ നിര്‍ഗുണനെന്നു കരുതിയിരുന്ന സുഹൃത്തിന്റെ സഹായത്താല്‍ ലഭിച്ചതാണ്‌ ഈ ജോലി. മനസ്സില്‍ ആഗ്രഹിച്ച ശമ്പളം സമ്മാനിച്ച അതേ ജോലിയാണ്‌ ഇപ്പോള്‍ ഇടയ്‌ക്കിടെ ഈ ഗ്രോട്ടോയ്‌ക്ക്‌ മുന്നില്‍ കുറ്റബോധത്തോടെ ഇരുത്തുന്നതും.
ടാര്‍ജറ്റുള്ള ജോലിയാണ്‌. ടാര്‍ജറ്റു തികച്ചാല്‍ ശമ്പളത്തോടൊപ്പം ഇന്‍സന്റീവും കിട്ടും ഇല്ലെങ്കില്‍ മുകളിലുള്ള ഏമാന്‍മാരുടെ വായില്‍ നിന്നു പച്ചത്തെറിയും ഇനി ടാര്‍ജറ്റ്‌്‌, കണ്ണുനനയിക്കുന്ന കുടുംബപ്രശ്‌നങ്ങള്‍ പ്രേഷകരുടെ മുമ്പില്‍ അവതരിപ്പിച്ച്‌ , ആസ്വാദക ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന്‌, ചാനല്‍ റേറ്റിങ്ങില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്ന വിധിയുടെ ഇരകള്‍ എന്ന റിയാലിറ്റിഷോയിലേക്ക്‌ ചാനല്‍ വഴി സ്വന്തം പ്രശ്‌നങ്ങള്‍ പങ്കുവെയ്‌ക്കാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങളെ കണ്ടെത്തുക.കേവലപ്രശ്‌നങ്ങള്‍ക്കു ഷോയില്‍ ഇടമില്ല .പ്രേഷകനെ, കുറഞ്ഞപക്ഷം പരിപാടിയുടെ അവതാരകയെ എങ്കിലും പൊട്ടിക്കരയിക്കാന്‍ ശക്തിയുള്ള വിഷയങ്ങളായിരിക്കണം. ഇങ്ങനെ ആഴ്‌ചയില്‍ ഒന്നുവീതം മാസത്തേക്ക്‌ നാലുകുടുംബങ്ങള്‍. അവരെ ചാനലുമായുളള സമ്മതപത്രത്തില്‍ ഒപ്പിടീക്കുന്നതോടുകൂടി തീരുന്നു ടാര്‍ജറ്റ്‌. പ്രശ്‌നങ്ങള്‍ ഇല്ലാത്ത വീടുകള്‍ ഇല്ല.ദൈവാനുഗ്രഹത്താല്‍ പ്രശ്‌്‌്‌നങ്ങളുടെ ആഴവും വ്യാപ്‌്‌തിയും ഇന്ന്‌്‌്‌ ഓരോ കുടുംബത്തിലും കൂടി വരികയുമാണ്‌ അതുകൊണ്ട്‌ ടാര്‍ജറ്റ്‌ ഒരു പ്രശ്‌നമാവില്ല, ആത്മാര്‍ഥമായി ജോലി ചെയ്‌്‌താല്‍ ആഗ്രഹിക്കുന്ന തുക മാസം ഉണ്ടാക്കാന്‍ കഴിയും എന്നൊക്കെയാണ്‌ മാനേജര്‍ ഒരോ മീറ്റിങ്ങിലും പറയാറ്‌. എന്നാല്‍ മറ്റേത്‌ എക്‌സിക്യൂട്ടിവിനെപ്പോലെയും ടാര്‍ജറ്റ്‌ തികയ്‌ക്കാന്‍ ബുദ്ധിമുട്ടുകയാണ്‌്‌.ആ ബുദ്ധിമുട്ടാണ്‌ ഈ ഗ്രോട്ടോയ്‌ക്കുമുമ്പില്‍ ഇടയ്‌ക്കിടയ്‌ക്ക്‌ കൊണ്ടിരുത്തുന്നതും. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ ആസ്വദിക്കാന്‍ മലയാളിയെ കഴിഞ്ഞിട്ടേ ആളുള്ളു.പക്ഷെ സ്വന്തം പ്രശ്‌നം നാലുപേരുടെ മുമ്പില്‍ പറയുമെങ്കില്‍ അതു വല്ല ബാറുമായിരിക്കണം. കഴിഞ്ഞ ഒന്നുര|ുമാസമായി ടാര്‍ജറ്റ്‌ തികയ്‌ക്കാന്‍ സാധിക്കുന്നില്ല, ഈ മാസംകൂടി അതി}ു സാധിക്കുന്നില്ലെങ്കില്‍ വേറെ ജോലിനോക്കിക്കോളാനാണ്‌ മുകളില്‍ നിന്നുള്ള നിര്‍ദേശം. വേറെ ജോലിക്കു പ്രശ്‌നം ഉണ്ടായിട്ടല്ല, വരിച്ചുമുറുക്കിയിരിക്കുന്ന സാമ്പത്തികപ്രശ്‌നങ്ങളില്‍ നിന്ന്‌ ഒന്നു കരകയറണമെങ്കില്‍ ഈ ശമ്പളത്തില്‍ തുടര്‍ന്നേ പറ്റൂ.മനസ്സുകൊണ്ടു താത്‌പര്യമില്ലെങ്കിലും നിന്നുപോകുന്നതും അതുകൊണ്ടാണ്‌.
ടാര്‍ജറ്റുതികയ്‌ക്കാന്‍ ഒരു മാര്‍ഗവും ഇല്ലാതെ തലമരവിച്ചിരിക്കുമ്പോള്‍ അകന്ന ഒരു ബന്ധുവഴി കിട്ടിയ കച്ചിതുരുമ്പാണ്‌ കരുവേലിക്കുന്നിലെ സോബിയുടെയും ഭാര്യയുടെയും ദാമ്പത്യപ്രശ്‌നം. സോബിയും അളിയന്‍മാരും തമ്മില്‍ കത്തിക്കുത്ത്‌ വരെ ഈ പ്രശ്‌നത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ്‌ പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായത്‌.പഠിക്കുന്നകാലത്ത്‌ നാടകത്തിലും മറ്റും താത്‌്‌്‌പര്യമുള്ളവനായിരുന്നു സോബി എന്നാണ്‌ കേള്‍ക്കുന്നത്‌.ഷോയിലാണെങ്കില്‍ കരഞ്ഞ്‌ അഭിനയിക്കുന്നവര്‍ക്കൊക്കെ നല്ല ഡിമാന്‍ഡുമാണ്‌. ഷോയില്‍ പങ്കെടുക്കാന്‍ സോബിയും ഭാര്യയും സമ്മതിച്ചാല്‍ വിഷയങ്ങള്‍ക്കു പഞ്ചില്ലായെന്ന പ്രോഗ്രാം പ്രൊഡ്യൂസറുടെ പരാതിയ്‌ക്കു പരിഹാരവുമാകും.
ഈയിടെയായി സ്വന്തം നിലയ്‌ക്ക്‌ പരിപാടിയിലേക്ക്‌ പരസ്യം പിടിക്കാനും കമ്പനി അനുവാദം നല്‍കിയിട്ടുണ്ട്‌. സ്വന്തം ടാര്‍ജറ്റിനെ ബാധിക്കാതെ വേണം ഈ എക്‌സട്രാ ജോലി ചെയ്യാന്‍. മുപ്പതു ശതമാനമാണ്‌ കമ്മീഷന്‍.അല്‍പ്പം ചോരപൊടിഞ്ഞതായതുകൊണ്ട്‌്‌ സോബിയുടെ പരിപാടിയ്‌ക്കു സ്വന്തം നിലയ്‌ക്ക്‌ കുറച്ച്‌ പരസ്യങ്ങള്‍ കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകുമെന്ന്‌ തോന്നുന്നില്ല. ആരാന്റെയമ്മയ്‌ക്ക്‌ ഭ്രാന്ത്‌ വരുമ്പോള്‍ കാണാന്‍ നല്ലശേലാണ്‌.അതുകൊണ്ടു തന്നെ പരിപാടിയുടെ ഇടവേളകളില്‍ പരസ്യത്തിന്റെ തള്ളിച്ചയാണ്‌.കല്യാണത്തിനുശേഷം സൗന്ദര്യം പോരായെന്ന്‌ പറഞ്ഞു ഭര്‍ത്താവ്‌ പച്ചയ്‌ക്ക്‌ തീകൊളുത്തിയ കഥ പറയുന്ന യുവതിയുടെ സങ്കടങ്ങളുടെ ഇടവേളകളില്‍ അല്ലാതെ വേറെയെപ്പോഴാണ്‌ സൗന്ദര്യം വേണമെങ്കില്‍ ഞങ്ങളുടെ ക്രീം ഉപയോഗിക്കണമെന്ന്‌ ഒരു കമ്പനിക്കു പറയാന്‍ കഴിയുക.
ഒന്നുചീയുമ്പോള്‍ ആണല്ലോ വേറൊന്നിന്‌ വളമാകുന്നത്‌. ചീഞ്ഞുതുടങ്ങിയ ഒന്ന്‌ വളമായിക്കിട്ടാന്‍ വേണ്ടിയാണ്‌ ഈ പ്രാര്‍ഥനയും മെഴുകുതിരിയും എല്ലാം..മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഒരു സോപ്പിടല്‍. താത്‌്‌്‌പര്യമുണ്ടായിട്ടല്ല, അതിജീവനത്തിനുവേണ്ടിയാണ്‌.സോബിയും ഭാര്യയും തമ്മിലുളള പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായി കേട്ടു.ഇന്നത്തെയാത്ര അങ്ങോട്ടാണ്‌..അവിടെ ഒരു മഞ്ഞുരുകലെങ്ങാനും നടന്നിട്ടുണ്ടങ്കില്‍..നെഞ്ചില്‍ ഒരു വിങ്ങല്‍ ഉണ്ടായപ്പോള്‍ ജോര്‍ഡി ഞെട്ടലോടെ എഴുന്നേറ്റു..ഗ്രോട്ടോയ്‌ക്കു മുമ്പില്‍ ആരോ കത്തിച്ചുവെച്ച മെഴുകുതിരി കാറ്റുമൂലം കെട്ടിരിക്കുന്നു.ഒരു നല്ലകാര്യത്തിനു പോകുകയാണ്‌..പോകുന്നകാര്യം നടക്കണം അതിന്‌ തിരുക്കുടുംബം സഹായിക്കണം.. അതുകൊണ്ടു ജോര്‍ഡി മെഴുകുതിരിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചൊന്നും ചിന്തിച്ചില്ല,എഴുന്നേറ്റ്‌ അണഞ്ഞ മെഴുകുതിരികള്‍ക്ക്‌ ഒന്നുകൂടി തീ പകര്‍ന്നു. പിന്നെ, തിരുക്കുടുംബത്തിന്റെ മുമ്പില്‍ സ്വന്തം ആവശ്യം ഒരിക്കല്‍ക്കൂടിയറിയിച്ച്‌ യാത്രയായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ