പേജുകള്‍‌

2011, മേയ് 6, വെള്ളിയാഴ്‌ച

വിദ്യാതനം സര്‍വ്വതനാല്‍ പ്രതാനം

റിക്കാര്‍ഡ്‌ വിജയവുമായി റിക്കാര്‍ഡ്‌ വേഗത്തില്‍ ഒരു പത്താംതരം പരീക്ഷാഫലം കൂടി. റിക്കാര്‍ഡ്‌ വേഗത്തില്‍ ഫലം വരാന്‍ കാരണമെന്താണെന്ന്‌ വിദ്യാഭ്യാസമന്ത്രിയോട്‌ ചോദിച്ചപ്പോള്‍ മറുപടിയിങ്ങനെ. പുതിയ പാഠ്യപദ്ധതിയുടെയും പഠനരീതിയുടെയും ഗുണം. വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വളരെ ആത്മാര്‍ഥമായി ഒരു സത്യം പറഞ്ഞു. മന്ത്രി പറഞ്ഞത്‌ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്‌. 

 പുതിയ പഠനരീതിയുടെയും പാഠ്യപദ്ധതിയുടെയും ഗുണംമുത്ത്‌ മൂത്ത്‌ പിള്ളേര്‍ക്കിപ്പം നേരേചൊവ്വെ മലയാള അക്ഷരങ്ങള്‍ പോലും എഴുതാനറിയില്ല. പിന്നെ പരീക്ഷാപേപ്പറേല്‍ വല്ലതും കാണുമോ? ഈ രീതിയില്‍ ഇങ്ങനെ മുന്നോട്ട്‌ പോയാല്‍ വരും വര്‍ഷങ്ങളിലൊക്കെ ഒരാഴ്‌ചകൊണ്ടും രണ്ടാഴ്‌ചകൊണ്ടും വരെ പത്താംതരം ഫലപ്രഖ്യാപനം നടന്നേക്കാം അതിലൊന്നും അദ്‌ഭുതപ്പെടാനില്ല. പിള്ളേര്‌ ഉത്തരകടലാസില്‍ എന്തെങ്കിലും എഴുതിയാലല്ലേ അതൊക്കെ നോക്കാന്‍ സമയം എടുക്കൂ.
എം എ ബേബി ഒരു സോഷ്യലിസ്‌റ്റാണ്‌ . കാര്യങ്ങളൊക്കെ ഒരു സോഷ്യലിസ്‌റ്റ്‌ തലത്തില്‍ നടക്കുന്നത്‌ കാണാനാണ്‌ അദ്ദേഹത്തിന്‌ താത്‌പര്യം. ഒരു പരീക്ഷയാണെങ്കില്‍ കൂടി എഴുതിയ എല്ലാവരും ജയിച്ചു കാണാനാണ്‌ കക്ഷിക്ക്‌ താത്‌പര്യം. അതുകൊണ്ട്‌ ഉത്തരകടലാസില്‍ ചോദ്യം എടുത്തെഴുതിയാല്‍ വരെ മാര്‍ക്ക്‌ വാഗ്‌ദാനം ചെയ്‌തു. അതും സാധ്യമാകാത്തവരോട്‌ ചോദ്യത്തിന്റെ നമ്പര്‍ എടുത്തെഴുതിയാല്‍ മാര്‍ക്കുതരാമെന്നായി, അങ്ങനെ സഹായിച്ച്‌ സഹായിച്ച്‌ റിക്കാര്‍ഡ്‌ വേഗത്തില്‍ റിക്കാര്‍ഡ്‌ ഫലമായി 91.32 ശതമാനം. സന്തോഷം സന്തോഷം സര്‍വത്ര സന്തോഷം...
വീടിനടുത്തുള്ള ഒരു പത്താം ക്‌ളാസുകാരന്‍ അഞ്ചുരൂപാവിലയുള്ള ഒരു മിഠായിയുമായി ഓടി വീട്ടില്‍ എത്തി. പത്രക്കാരനായതിനാല്‍ പബ്‌ളിസിറ്റി കിട്ടിക്കോട്ടേയെന്ന്‌ കരുതിയാകണം മിഠായി വിതരണം ഈയുള്ളവന്റെ വീട്ടില്‍ നിന്ന്‌ തുടങ്ങാനാണ്‌ ഭാവം. പത്താം ക്ലാസില്‍ എത്തിയിട്ടും എഴുതാനും വായിക്കാനും അത്ര വശമില്ലയെന്നതൊഴിച്ചാല്‍ പഠനത്തില്‍ മിടുക്കന്‍. ഇവന്‍ എങ്ങനെ ജയിച്ചുവെന്ന അദ്‌ഭുതഭാവം ഉള്ളിലൊതുക്കി മിഠായി കൈയില്‍ മേടിച്ചു, പിന്നെ ചോദിച്ചു എങ്ങനെയൊത്തു? ഒപ്പിച്ചെടുത്തൂ എന്ന ഭാവം അവന്റെ മുഖത്ത്‌. .ഇനിയിവനെങ്ങാനും നന്നായോ..(കാരണം നന്നാവാന്‍ ആര്‍ക്കും അധികം സമയം ഒന്നും വേണ്ടല്ലോ) എന്ന്‌ തോന്നിയതുകൊണ്ട്‌ ഒരു പരീക്ഷ(ണം)നടത്തി നോക്കികളയാന്‍ തീരുമാനിച്ചു. പോക്കറ്റില്‍ നിന്ന്‌ പേനയെടുത്തുകൊടുത്തിട്ട്‌ വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്ന മഹത്തായ പ്രമാണം ഒന്നെഴുതുവാന്‍ ഒരപേക്ഷ നടത്തിനോക്കി. സമയത്തിരക്ക്‌ പറഞ്ഞ്‌ ഇഷ്ടന്‍ ഒഴിവാകുവാന്‍ ചില ശ്രമങ്ങള്‍ നടത്തിനോക്കി. ഒടുവില്‍ രക്ഷയില്ലെന്ന്‌ കണ്ടപ്പോള്‍ പത്താം ക്ലാസ്‌ പാസായവന്‌ ഇതെല്ലാം പുല്ല്‌ എന്ന ഭാവത്തില്‍ പേനമേടിച്ച്‌ മേശപ്പുറത്ത്‌ കിടന്ന പത്രത്തിനു മുകളിലേക്ക്‌ വിശാലമായിട്ടെഴുതി. വിദ്യാതനം സര്‍വതനാല്‍ പ്രതാനം. പിന്നെ ജയിച്ചതിന്റെ മിഠായി ഒരുപാടു പേര്‍ക്ക്‌ കൊടുക്കാനുണ്ട്‌ പിന്നെക്കാണാം എന്ന്‌ പറഞ്ഞു മറ്റൊരു പരീക്ഷ ജയിച്ച ഗമയില്‍ പുറത്തേക്ക്‌ പാഞ്ഞു.
ജയിച്ചതിന്‌ അവന്‍ നാട്ടുകാര്‍ക്ക്‌്‌ ബിരിയാണി കൊടുക്കുന്നതിലും തെറ്റുണ്ടെന്ന്‌ തോന്നുന്നില്ല.
ഇതാണ്‌ ഇന്നത്തെ പത്താംതരക്കാരന്റെ ഗ്രേഡ്‌ ഗുണം. വളര്‍്‌ച്ച പരീക്ഷാഫലത്തിന്റെ ശതമാനത്തില്‍ മാത്രമേ കണാനുള്ളു. പിള്ളേരുടെ വിദ്യാഭ്യാസ നിലവാരത്തില്‍ ഇല്ല. പിള്ളേര്‌ അക്ഷരം പഠിച്ച്‌ രക്ഷപെട്ടോളും എന്ന ചിന്തയൊന്നും എനി മാതാപിതാക്കള്‍ക്ക്‌ കാണാനിടയില്ല...കലികാലം. വെറുതെയാണെങ്കിലും അടുത്തവര്‍ഷമെങ്കിലും പത്താംതരം പരീക്ഷാഫലം അല്‍പ്പം വൈകിവരട്ടെയെന്ന്‌ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ