പേജുകള്‍‌

2011, ജൂലൈ 26, ചൊവ്വാഴ്ച

ഡിസൈന്‍ ബേബീസ്‌

ഏറെക്കാലം നീണ്ട ചര്‍ച്ചകള്‍ക്കും വാക്‌പയറ്റുകള്‍ക്കും കൗണ്‍സിലിങ്ങിനും ഒക്കെ ശേഷമാണ്‌ അജോയും പ്രിയയും ഒരു കുട്ടിയാകാം എന്ന തീരുമാനത്തിലെത്തിയത്‌. കുട്ടികള്‍ വേണ്ട എന്ന തീരുമാനമെടുത്തതിനു ശേഷമാണ്‌ അവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്‌ തന്നെ.പ്രിയ ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കാരണം ജോലിചെയ്യുന്ന മള്‍ട്ടി നാഷണന്‍ കമ്പനിയില്‍ പ്രസവാവധി ഇല്ലാഞ്ഞതുകൊണ്ട്‌ മാത്രമല്ല പ്രസവവും കുട്ടികളെ വളര്‍ത്തലുംമൊക്കെ കാലഹരണപ്പെട്ട ഒരു ഏര്‍പ്പാടാണെന്ന പ്രിയയുടെ കാഴ്‌ചപാടുകൊണ്ടുകൂടിയാണ്‌.
നാട്ടില്‍ അറിയപ്പെടുന്ന ഒരു ഫെമിനിസ്റ്റ്‌ എന്ന നിലയില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാറുന്ന പെണ്‍മുഖത്തെപ്പറ്റി ചര്‍ച്ചാക്ലാസുകള്‍ നയിക്കുമ്പോള്‍ പേറും പേറ്റുനോവും ഒക്കെ ഉപേക്ഷിച്ച്‌ സ്‌ത്രീത്ത്വത്തിന്റെ പുതിയ അര്‍ത്ഥപൂര്‍ണതയില്‍ ആന്ദിക്കുന്നവളാണ്‌ ഞാന്‍ എന്ന്‌ ഉറക്കെപറയാന്‍ പ്രിയയ്‌ക്ക്‌ കഴിഞ്ഞിരുന്നത്‌ അത്‌ കൊണ്ടാണ്‌. പ്രസവം ഭാര്യയുടെ സൗന്ദര്യം നശിപ്പിക്കും എന്നതായിരുന്നു ഈ വിഷയത്തില്‍ അജോയ്‌ക്ക്‌ പറയാനുണ്ടായിരുന്നത്‌.
ഇപ്പോള്‍ ആ തീരുമാനങ്ങള്‍ മാറ്റേണ്ടി വന്നിരിക്കുന്നു. അതിനുകാരണം അജോയുടെ മാതാപിതാക്കളുടെ ശക്തമായ ഇടപെടലാണ്‌. അജോയുടെയും പ്രിയയുടെയും കുട്ടികള്‍വേണ്ട എന്ന നിലപാട്‌ ഏറ്റവും വേദനിപ്പിച്ചത്‌ അജോയുടെ അപ്പനെയാണ്‌. കാരണം തന്റെ വംശപരമ്പര നിലനിര്‍ത്താന്‍ ഒരു കണ്ണിവേണമെന്നത്‌ അദ്ദേഹത്തിന്റെ ശക്തമായ ഒരാഗ്രഹം ആയിരുന്നു. മകനെയും മരുമകളെയും തങ്ങളുടെ തീരുമാനങ്ങളില്‍ നിന്ന്‌ മാറ്റാന്‍ ഒടുവില്‍ ഭീഷണിയുടെ സ്വരം മുഴക്കേണ്ടി വന്നു അദ്ദേഹത്തിന്‌. ഭീഷണി ഇതായിരുന്നു. "കളിപ്പിക്കാന്‍ ഒരു പേരക്കിടാവ്‌ ഈ വീട്ടില്‍ ഉണ്ടായില്ലെങ്കില്‍ എന്റെ സ്വത്തില്‍ നിന്ന്‌ ചില്ലിപൈസാ തരില്ല ഒന്നിനും."പണത്തിന്‌ മുകളില്‍ പരുന്തും പറക്കില്ലായെന്നതിനാല്‍ അങ്ങനെ ഒടുവില്‍ അജോയും പ്രിയയും ഒരു കുട്ടിയാകാം എന്ന തീരുമാനത്തിലെത്തി.
കുട്ടിയാകാം എന്ന്‌ തീരുമാനമെടുത്തൂ എന്നതുകൊണ്ടൊന്നും പ്രസവിക്കാന്‍ പ്രിയയോ ഭാര്യ പ്രസവിക്കണ്ട എന്ന തീരുമാനം മാറ്റാന്‍ അജോയോ തയ്യാറായിരുന്നില്ല. അതുകൊണ്ട്‌ തന്നെ കുട്ടിയാകാം എന്ന്‌ തീരുമാനിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ നഗരമധ്യത്തിലുള്ള പ്രശസ്‌തമായ ഒരു സ്വകാര്യ ക്ലിനിക്കില്‍ ഇരുവരും എത്തി. ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കാം എന്ന്‌ തൊട്ട്‌ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള കുട്ടികളെ മാതാപിതാക്കള്‍ക്ക്‌ ഡിസൈന്‍ ചെയ്‌തെടുക്കാം എന്ന്‌ വരെയുള്ള സൗകര്യങ്ങള്‍ സജ്ജമായിരുന്നു ആ ക്ലിനിക്കില്‍. ലക്ഷങ്ങള്‍ മുടക്കിയാലെന്താ പേറ്റുനോവിന്റെ ആകുലതകള്‍ ഇല്ലാതെ തങ്ങളുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള കുടുംബമഹിമയ്‌ക്കനുസരിച്ചുള്ള ഒരു കുട്ടിയേ കിട്ടില്ലേ..
കാര്യം കുട്ടികള്‍ വേണ്ട എന്ന ആഭിപ്രായക്കാരായിരുന്നെങ്കിലും നനഞ്ഞ്‌ ഇറങ്ങിയ സ്ഥിതിക്ക്‌ കുളിച്ച്‌ കയറാത്തത്‌ എങ്ങനെ ? അജോയും പ്രിയയും തങ്ങളുടെ കുട്ടിക്ക്‌ വേണ്ട പ്രത്യേകതകള്‍ മത്സരിച്ച്‌ ഡോക്ടറോട്‌ വിവരിക്കുവാന്‍ തുടങ്ങി. പക്ഷെ ഒരു ശരീരവും ഒരു മനസ്സുമായി ജീവിക്കുന്ന ഭാര്യയ്‌ക്കും ഭര്‍ത്താവിനും അല്ലേ ഒന്നിച്ച്‌ ഒരു തീരുമാനമെടുക്കാന്‍ കഴിയൂ. കുട്ടിയുടെ മുടിയുടെ നിറംതൊട്ട്‌ കാല്‌പാദത്തിന്റെ ആകൃതിവരെയുള്ള കാര്യത്തില്‍ രണ്ടുപേരും രണ്ട്‌ തട്ടില്‍ നിന്നു. ശരീരപ്രകൃതിയുടെ കാര്യത്തില്‍ മാത്രമല്ല അഭിരുചിയുടെ കാര്യത്തില്‍ പോലും ഒരുമിച്ചൊരു തീരുമാനം പറയാന്‍ അവര്‍ക്കായില്ല. ആകെ ഒരു കാര്യത്തില്‍ മാത്രം തീരുമാനം ഒന്നിച്ചുവന്നു.ആണ്‍കുട്ടി മതി. അജോയുടെ സങ്കല്‍പത്തിലെ പുത്രന്‍ ചുരുണ്ടമുടികളോട്‌ കൂടിയ ഉണ്ടകണ്ണുകള്‍ ഉള്ള ഇരുണ്ട നിറമുള്ള തന്നേപ്പോലുള്ള ഒരു എന്‍ജിനീയറായിരുന്നു. പ്രിയയുടേത്‌ കോലന്‍ മുടികളും നീണ്ട കണ്ണുകളും ഉള്ള വെളുത്ത്‌ മെലിഞ്ഞ ഒരു ഡോക്ടറും. അഭിപ്രായഭിന്നത ഒടുവില്‍ സംഘര്‍ഷത്തിലേക്ക്‌ വഴിമാറുമ്പോള്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലെ ഡോക്ടറിലെ കച്ചവടക്കാരന്‍ ഉണര്‍ന്നു. അയാള്‍ മുന്നോട്ട്‌ വച്ച ഫോര്‍മുല ഇതായിരുന്നു. . രണ്ടുപേരുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച്‌്‌്‌ രണ്ടുകുട്ടികള്‍. അങ്ങനെ ശാസ്‌ത്രം ജയിച്ചു.ദൈവം തോറ്റു.
ഇപ്പോള്‍ അജോ പ്രിയ ദമ്പതികളുടെ രണ്ടുകുട്ടികളും വാടകയ്‌ക്കെടുത്ത ഏതോ ഗര്‍ഭപാത്രങ്ങളില്‍ സുഖസുഷ്‌പുതിയിലാണ്‌. ഇവരുടെ ഭാവി എന്തായിത്തീരും .നിങ്ങളെപ്പോലെ എനിക്കും അറിയില്ല. ഞ്‌ാനും കാത്തിരിക്കുകയാണ്‌ അവര്‍ ജനിച്ച്‌ വളര്‍ന്ന്‌ വരുന്നതും കാത്ത്‌്‌്‌


യെല്‍ദോ ജേക്കബ്‌്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ