പേജുകള്‍‌

2014, ഡിസംബർ 27, ശനിയാഴ്‌ച

പ്രണയം തുടരുന്നു...

ഒരിക്കല്‍ക്കൂടി വിവാഹിതനാകാന്‍ ഒരവസരം ദൈവം തന്നാല്‍ നിങ്ങള്‍ ആരെയാകും സ്വീകരിക്കുക. എന്നെയോ അവളെയോ? പറയാന്‍ അല്‍പ്പം സമയമെടുത്തെങ്കിലും പറഞ്ഞു... അവളെ. കാറിന്റെ പിന്‍സീറ്റില്‍ ഞങ്ങളുടെ അടുത്ത തലമുറ അപ്പോള്‍ യാത്രാക്ഷീണത്താല്‍ ഉറക്കം തുടങ്ങിയിരുന്നു.
അവള്‍ എന്റെ കളിക്കൂട്ടുകാരി ആയിരുന്നു. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ മണ്ണപ്പം ചുട്ടും അച്ഛനും അമ്മയും കളിച്ചും ഞങ്ങള്‍ നടന്നു. എനിക്കു തല്ലണമെന്നു തോന്നിയപ്പോഴൊക്കെ ഞാന്‍ അവളെ തല്ലി, പിച്ചി, മാന്തി, കടിച്ചു. ഞാന്‍ അന്നു തടിച്ചുരുണ്ടാണിരുന്നത്‌. അവള്‍ നേര്‍ത്തു മെലിഞ്ഞും. എന്നിട്ടും ദേഹം വേദനിക്കുമ്പോളൊക്കെ അവള്‍ തന്നെക്കൊണ്ടാവും വിധം തിരിച്ച്‌ ആക്രമിച്ചു... 
എന്റെ കുറേ തൊലിയവള്‍ മാന്തിയെടുത്തു. എന്റെകൂടെ അല്ലാതെ അവളെയോ അവളുടെകൂടെ അല്ലാതെ എന്നെയോ ആരും കണ്ടിരുന്നില്ല. ഒരിക്കല്‍ മുതിര്‍ന്നവര്‍ ആരോ പറഞ്ഞു: എടാ, ഞങ്ങളിവളെ കെട്ടിച്ചുവിടാന്‍ പോകുവാ... നീ ഇനി എന്തും ചെയ്യും.... കാര്യമായി ഒന്നും മനസിലായില്ലെങ്കിലും അവളോടു ചെന്നു ചോദിച്ചു. നിന്നെ കെട്ടിച്ചുവിടുമ്പോള്‍ നീ എന്നെ ഇട്ടിട്ടു പോകുവോ.. ഞാന്‍ കെട്ടുന്നില്ല. ആ മറുപടിയില്‍ ഞാന്‍ അന്ന്‌ സംതൃപ്‌തനായി.
ഒരിക്കല്‍ എനിക്കു മനസിലായി അവള്‍ നന്നായി വെളുത്താണിരിക്കുന്നതെന്ന്‌. അന്നുതന്നെയാണു മനസിലായത്‌ എന്റെ നിറം കറുപ്പാണെന്നും. തിരിച്ചറിവിന്റെ പ്രായം ആരംഭിച്ചത്‌ അന്നു മുതലാണെന്നാണ്‌ എന്റെ ഓര്‍മ്മ.
 
തിരിച്ചറിവായതോടെ അവളെ ചെയ്യണമെന്ന്‌ അഗ്രഹിക്കുന്നതിന്റെ പട്ടിക വലുതായി. പക്ഷേ അവയൊക്കെ സാധിച്ചതു മനസ്സുകൊണ്ടു മാത്രമാണ്‌.
 
പഠിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ തമ്മിലായിരുന്നു മത്സരം. പക്ഷേ സാന്മാര്‍ഗിക പാഠം പഠിപ്പിക്കുന്ന ശീലാവതി ടീച്ചര്‍ മാര്‍ക്കുകൊണ്ട്‌ അവള്‍ക്കൊപ്പമായിരുന്നതിനാല്‍ എല്ലാ പരീക്ഷകള്‍ക്കും എനിക്കു രണ്ടാംസ്ഥാനമായിരുന്നു. ഒന്നാമത്‌ അവളായിരുന്നതുകൊണ്ടുതന്നെ ശീലാവതി ടീച്ചറിനോട്‌ അന്നും ഇന്നും എനിക്കു പരാതിയില്ല.
 
ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു ആ സംഭവം. എവിടെയോ തട്ടി മുറിഞ്ഞു ചോരയൊലിപ്പിക്കുന്ന കാലുമായാണ്‌ ഞാന്‍ അന്നു ക്ലാസിലേക്കു കയറിച്ചെന്നത്‌. കൂട്ടുകാരെല്ലാം കാഴ്‌ചക്കാരായി നിന്നതേയുള്ളൂ. അവളാണു സ്വന്തം ടവ്വല്‍ വലിച്ചുകീറി മുറിവു വച്ചുകെട്ടിത്തന്നത്‌. വേദന}പോയ വഴി അറിഞ്ഞില്ല.
 
പത്താം ക്ലാസിലെത്തുമ്പോഴേക്കും ഞാന്‍ നന്നായി കറുത്തുതടിച്ചിരുന്നു. അവള്‍ കൂടുതല്‍ വെളുത്തു മെലിഞ്ഞും. അക്കാലത്തു മനസ്സു നിറയെ അവളായിരുന്നു. അവളുടെ നോട്ടം, ചിരി, ചലനങ്ങള്‍... എല്ലാം അദ്‌ഭുതങ്ങളായിരുന്നു. എന്തോ, അക്കാലത്തുതന്നെയാണ്‌ ഞാന്‍ കൂടുതലായി കണ്ണാടിയില്‍ നോക്കാന്‍ തുടങ്ങിയത്‌. ഓരോ തവണ നോക്കുമ്പോഴും ഞാന്‍ മനസ്സില്‍ ആരാധിച്ചിരുന്ന സൂപ്പര്‍ സ്റ്റാറിനേക്കാള്‍ എന്റെ സൗന്ദര്യം കുറഞ്ഞുകുറഞ്ഞു വരുന്നതായാണ്‌ എനിക്കു തോന്നിയത്‌. അതുകൊണ്ടുതന്നെ നാലു പേര്‍ കൂടുന്നിടത്തൊക്കെ എന്റെ മുഖം കുനിഞ്ഞു കുനിഞ്ഞു വന്നു. അവളെ കാണുമ്പോള്‍ പ്രത്യേകിച്ചും. അവള്‍ക്ക്‌ എന്നും പരാതിയായിരുന്നു. ഞാന്‍ സംസാരിക്കുന്നില്ല, മുഖം തരുന്നില്ല, ജാഡ കാണിക്കുന്നു... പരാതിയുടെ നിര നീണ്ടു. എന്റെ മനസുനിറയെ അവളേ ഉണ്ടായിരുന്നുള്ളൂവെന്ന്‌ എനിക്കല്ലേ അറിയൂ.
 
ജീവിതത്തില്‍ ആദ്യമായി എനിക്ക്‌ എട്ടിന്റെ ഒരു പണിതന്നയാള്‍ ബാര്‍ബര്‍ വാസുച്ചേട്ടനാണ്‌. മനസ്സിലെ സകല ധൈര്യവും സ്വരുക്കൂട്ടി, നീ ഇല്ലാതെ എനിക്കു മുന്നോട്ടു പോകാനാവില്ല എന്ന്‌ അവളോടു പറയാന്‍ തെരഞ്ഞെടുത്ത ദിവസം പത്താം ക്ലാസ്സിലെ സോഷ്യലിന്റെ അന്ന്‌. അതിനുള്ള തയ്യാറെടുപെന്നോണം മുടിവെട്ടാന്‍ പോയി. പണി കിട്ടിയത്‌ അവിടെനിന്നാണ്‌. എങ്ങനെ വെട്ടണമെന്നു കര്‍ശന നിര്‍ദേശം നല്‍കിയെങ്കിലും കണ്ണാടി വയ്‌ക്കാന്‍ മറന്നുപോയ സോമന്‍ചേട്ടന്‍ എന്റെ സങ്കല്‌പങ്ങള്‍ക്കെതിരായി മുടി പറ്റെ വെട്ടി. താങ്ങാവുന്നതിനും അപ്പുറമായിരുന്നു അത്‌. ആദ്യമായി ഒരു കണ്ണാടി എറിഞ്ഞുടയ്‌ക്കുന്നത്‌ അന്നാണ്‌. ചുവരിലെ സൂപ്പര്‍സ്റ്റാറിന്റെ പടം സാക്ഷി. പിറ്റേന്നു ഞാന്‍ സോഷ്യലിനു പോയില്ല. പത്ത്‌ സിയുടെ മുന്നില്‍ അവള്‍ ഏറെനേരം കാത്തിരുന്നു പോലും.
 
വല്യപരീക്ഷ കഴിഞ്ഞു. മുടി ശരിക്കും വളര്‍ന്നു. സോഷ്യലിനു ചീറ്റിപ്പോയ ധൈര്യം ഇവടകപ്പള്ളിയിലെ പെരുന്നാളിനു സംഭരിക്കാമെന്നു ചിന്തിച്ചിരിക്കുമ്പോഴാണ്‌ ആ വാര്‍ത്തയറിയുന്നത്‌. അവളുടെ വീടും പുരയിടവും ഞങ്ങളുടെ വല്യപ്പന്‍ വാങ്ങിയിരിക്കുന്നു. അങ്ങനെ പെരുന്നാള്‍ എത്തുന്നതിനു മുന്‍പ്‌ ഒരു പുഞ്ചിരി സമ്മാനിച്ചു തിരിഞ്ഞുപോലും നോക്കാതെ അവള്‍ പോയി. പോയത്‌ ബോംബെയ്‌ക്കാണെന്ന്‌ ആരോ പറഞ്ഞുകേട്ടു. അതില്‍പ്പിന്നെ എന്റെ ശിരസ്‌ കൂടുതല്‍ താണു. വല്യപ്പന്‍ അവളുടെ വീട്‌ വാടകയ്‌ക്കു കൊടുക്കാന്‍ തിരുമാനിച്ചു. പുതിയ താമസക്കാര്‍ എത്തുന്നതുവരെ അവളുടെ ഗന്ധം തേടി ഞാന്‍ അവിടെയൊക്കെ അലഞ്ഞു നടന്നിരുന്നു.
 
അവള്‍ പോയി മൂന്നാലു മാസങ്ങള്‍ക്കു ശേഷം ഇടവകപ്പള്ളിയില്‍ പെരുന്നാള്‍ വന്നു; വര്‍ഷാവര്‍ഷം അത്‌ ആവര്‍ത്തിച്ചു. അവളുടെ ഓര്‍മകള്‍ക്കിടയില്‍ ഞാന്‍ വിവാഹിതനായി, രണ്ടു കുട്ടികളുടെ അപ്പനായി. അപ്പനും അമ്മയും വല്യപ്പനും മണ്‍മറഞ്ഞു. ഭാര്യ രണ്ടു വാക്കുകളുടെ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്‌. ഉയര്‍ന്ന ജോലിക്കാരി, പാവം, എന്റെ പിരിമുറുക്കങ്ങളുടെ ആഘാതം മുഴുവന്‍ രാത്രികളില്‍ സന്തോഷത്തോടെ സഹിക്കുന്നവള്‍. ജീവിതം ഇങ്ങനെ ഒഴുകുന്നതിനിടയ്‌ക്കാണ്‌ എന്റെ പഴയ കളിക്കൂട്ടുകാരിയെ ഞാന്‍ വീണ്ടും കാണുന്നത്‌. അപ്പോഴേക്കും ഞങ്ങള്‍ പിരിഞ്ഞിട്ട്‌ വര്‍ഷങ്ങള്‍ 25 കഴിഞ്ഞിരുന്നു.  പെരുന്നാള്‍ റാസയ്‌ക്കിടെയാണ്‌ ആ വിളി വന്നത്‌. ജോര്‍ജ്‌ കുട്ടീ... തിരിഞ്ഞുനോക്കി.

അയ്യോ ദേ അവള്‍... ആ പതിനഞ്ചുകാരി... എന്റെ പഴയ കളിക്കൂട്ടുകാരി. നോക്കിനിന്നുപോയി. പതിനഞ്ചുകാരിയില്‍നിന്നും നാല്‌പതുകാരിയിലേക്കുള്ള മാറ്റം അംഗീകരിക്കാന്‍ സമയമെടുത്തു. എങ്ങനെ തിരിച്ചറിഞ്ഞു എന്നു ചോദിച്ചില്ല. കാരണം, ഒറ്റനോട്ടം മതിയായിരുന്നല്ലോ എനിക്കും തിരിച്ചറിയാന്‍. രണ്ടു മക്കളായി അവള്‍ക്ക്‌. ഭര്‍ത്താവ്‌ മരിച്ചുപോയി. ഏറെക്കാലത്തെ മുംബൈ വാസത്തിനു ശേഷം നാട്ടിലെത്തിയതാണ്‌. ഇവിടെ വീടു പണിതു താമസം തുടങ്ങിയിരിക്കുന്നു. മറന്നിട്ടില്ല... മറക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നു പറഞ്ഞപ്പോള്‍ അവളുടെ കണ്ണില്‍ ഒരു തിളക്കം കണ്ടു. ഫോണ്‍നമ്പര്‍ വാങ്ങി പിരിഞ്ഞു.
 
അങ്ങനെ ഫോണ്‍വിളിയുടെ കാലം പിറന്നു. ആദ്യം എസ്‌എംഎസ്‌... പിന്നെ സംസാരം... ആദ്യം ബാറിലിരുന്ന്‌, പിന്നെ രാത്രിയില്‍ സിഗരറ്റ്‌ വലിക്കാനെന്നു പറഞ്ഞു ടെറസില്‍ ചെന്നിരുന്ന്‌. പഠിക്കുമ്പോ, ഇഷ്‌ടമാണെന്നു പറഞ്ഞുകേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നെന്ന്‌ അവള്‍ പറഞ്ഞ ദിവസം ഉറങ്ങാന്‍ പറ്റിയില്ല. ഒരിക്കല്‍ പറയാന്‍ ആഗ്രഹിച്ചതും കേള്‍ക്കാന്‍ കൊതിച്ചതും എല്ലാം കാലം തെറ്റി പിറക്കുകയായിരുന്നു പിന്നീട്‌. ഒടുവില്‍ അവള്‍ വിളിച്ചു വീട്ടിലേക്ക്‌.
എറെ ചിന്തിച്ചുകൂട്ടിയ ശേഷമാണ്‌ ആ ദിവസം അവളുടെ വീട്ടിലേക്കു പോയത്‌. പതിനഞ്ചാം വയസ്സില്‍ ഇഷ്‌ടമാണെന്ന്‌ പറയാന്‍ ധൈര്യമില്ലാത്തവന്‌ 45-ാം വയസ്സില്‍ ശരീരം പങ്കുവയ്‌ക്കാന്‍ ധൈര്യമുണ്ടാകുമോ.... അറിയില്ല; എന്തായാലും എനിക്കില്ലായിരുന്നു. അതുകൊണ്ട്‌ ഭാര്യയെയും മക്കളെയും കൂടെക്കൂട്ടി. അവള്‍ അതു പ്രതീക്ഷിച്ചില്ലെന്നു തോന്നി. പക്ഷേ സ്വീകരണം ഗംഭീരമായിരുന്നു. അവളുടെ മക്കളുമായി ഏറെനേരം സംസാരിച്ചു. കുറ്റബോധത്തേക്കാള്‍ നല്ലതല്ലേ മനഃശാന്തി.
 
തിരിച്ചുവരുമ്പോഴാണു ഭാര്യ അവളെപ്പറ്റി കൂടുതല്‍ ചോദിച്ചത്‌. ഒന്നും ഒളിച്ചില്ല, എല്ലാം തുറന്നുപറഞ്ഞു. തുറന്നുപറച്ചിലിനൊടുവില്‍ അവള്‍ ചോദിച്ച ചോദ്യമാണ്‌ നിങ്ങള്‍ ആദ്യം വായിച്ചത്‌, എന്റെ മറുപടിയും.
 
ആ യാത്ര കഴിഞ്ഞിട്ടു വര്‍ഷം ഇപ്പോള്‍ മൂന്നു കഴിയുന്നു, ഭാര്യ ഡൈവോഴ്‌സ്‌ വാങ്ങി മക്കളുമായി പോയിട്ടും. ഞാന്‍ ഒരു രാത്രി അവളോടുകൂടി അന്തിയുറങ്ങിയിരുന്നെങ്കില്‍പ്പോലും എന്റെ ആ മറുപടിപോലെ അവളെ വിഷമിപ്പിക്കില്ലായിരുന്നത്രെ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ