പേജുകള്‍‌

2011, നവംബർ 14, തിങ്കളാഴ്‌ച

ഒരു ഫ്‌ളക്‌സ്‌ ബോര്‍ഡും കുറച്ചു പാരിസ്‌ഥിതിക പ്രശ്‌നങ്ങളും

ചെറുകഥ

വ്യാകുലമാതാ ഫ്‌ളക്‌സ്‌ ആന്‍ഡ്‌ വിനയല്‍ പ്രിന്റിങ്ങ്‌ സെന്ററിന്റെ സ്വീകരണ മുറിയില്‍ അലക്ഷ്യമായി കണ്ണടച്ച്‌ ഇരിക്കുമ്പോള്‍ അയാള്‍ ഓര്‍ത്തതു മുഴുവന്‍ സൂസമ്മയുടെ ബുദ്ധിയെപ്പറ്റിയാണ്‌. സൂസമ്മയല്ലെങ്കിലും പ്രായോഗിക ജിവിത വിഷയങ്ങളില്‍ തന്നേക്കാളും സമര്‍ത്ഥയായിരുന്നു എന്നും. ഭാര്യ പറയുന്നത്‌ കേള്‍ക്കുന്നത്‌ ഭര്‍ത്താക്കന്‍മാര്‍ക്ക്‌ കുറച്ചിലാണെന്ന തെറ്റായ ഒരു കാഴ്‌ചപാടുണ്ട്‌ ഈ നാട്ടില്‍. കെട്ടിയ അന്നു മുതല്‍ സൂസമ്മ പറയുന്നതേ താന്‍ കേട്ടിട്ടുള്ളു. അതുകൊണ്ടൊരു കുഴപ്പം ഇന്നേവരെ തനിക്കുണ്ടായിട്ടുമില്ല.
പക്ഷെ എന്തുചെയ്യാം വീട്ടില്‍ അച്ചായന്‌ അവളു പറയുന്നത്‌ മാത്രമാണ്‌ കുറ്റം, അവള്‍ ചെയ്യുന്നത്‌ മുഴുവന്‍ തെറ്റും. വയസ്സ്‌ എണ്‍പതു കഴിഞ്ഞ മനുഷ്യനാണ്‌. ചിലസമയത്ത്‌ വെറും പിള്ളേരുടെ സ്വഭാവമാണ്‌. കൂടെ നിക്കണം. സ്വന്തം തന്തയൊന്നുമല്ലെങ്കിലും അവളു ഒരു കുറവുമില്ലാതെ നോക്കുന്നില്ലേ..എന്നിട്ടും അവളെ ഇച്ചായനു കാണാന്‍ മേല..അവളു പറയുന്നത്‌ മാത്രമേ കേള്‍ക്കൂ എന്നു പറഞ്ഞ്‌ തന്നെയും. അമ്മച്ചി മരിച്ചതിനുശേഷം ഗള്‍ഫില്‍ നിന്നുവന്നു ടൗണിലേക്ക്‌ പുതിയ വീട്‌ വച്ചുമാറിയപ്പോള്‍ താന്‍ പറഞ്ഞതാണ്‌ അച്ചായനെ വല്ല വൃദ്ധസദനത്തിലും കൊണ്ടുചെന്നാക്കാമെന്ന്‌. ടൗണല്ലേ കള്ളന്‍മാരൊക്കെ കൂടുതലാണ്‌. നമ്മള്‍ക്ക്‌ എങ്ങോട്ടേക്കെങ്കിലും പോകണമെങ്കില്‍ വേലക്കാരിയെ മാത്രം വീടേല്‍പിച്ച്‌ എങ്ങനെയാണ്‌ പോകുക. അച്ചായനും വീട്ടില്‍ നില്‍ക്കട്ടേന്ന്‌ പറഞ്ഞത്‌ അവളാണ്‌. ശല്യമാകുമെന്ന്‌ താന്‍ അന്നേ പറഞ്ഞു. അമ്മച്ചി നോക്കിയിരുന്നതു പോലെ വല്ലതും സൂസമ്മയ്‌ക്ക്‌ നോക്കാന്‍ പറ്റുമോ...
കാര്യം സൂസമ്മയും താനും പുറത്തു പോകുമ്പോള്‍ വീടു നോക്കാനൊരാളായെങ്കിലും മറ്റൊരു വശത്തു ദുരന്തം തന്നെയായിരുന്നു ഫലം. ഞങ്ങള്‍ വീട്ടിലില്ലാത്തപ്പോള്‍ അയല്‍പക്കക്കാരോട്‌ മുഴുവന്‍ സൂസമ്മയുടേയും തന്റെയും കുറ്റങ്ങള്‍ പറയുക, വീട്ടില്‍ വരുന്നവരോടും തങ്ങളെപ്പറ്റി മോശമായി സംസാരിക്കുക..ഹോ ..കുറെ സഹിച്ചു. തങ്ങളൊന്നും കൊടുക്കുന്നില്ലെന്നാണ്‌ കുറ്റം. വീട്ടിലുണ്ടാക്കുന്നതൊക്കെ അങ്ങനെ കൊടുക്കാന്‍ പറ്റുമോ? എണ്‍പതുകഴിഞ്ഞ മനുഷ്യനാണ്‌. കാര്യം ഗൗരവമുള്ള അസുഖങ്ങളൊന്നുമില്ലെങ്കിലും ചെറുപ്പക്കാരു കഴിക്കുന്നത്‌ പോലെ അതുമിതുമൊക്കെ വാരിവലിച്ച്‌ തിന്നാല്‍ എങ്ങനെ ശരിയാകും.വല്ലതും വന്നുപോയാല്‍ വേറെയാരെങ്കിലും നോക്കാനുണ്ടോ . ശരിയും തെറ്റുമെല്ലാം ആരുനോക്കാന്‍. എല്ലാവര്‍ക്കും കുറ്റം പറയുകമാത്രമല്ലേ വേണ്ടു. മര്യാദയ്‌ക്കും മര്യാദകെട്ടും ഒക്കെ അച്ചായനോട്‌ ഒരുപാട്‌ പറഞ്ഞുനോക്കി . ഞങ്ങള്‍ ഇല്ലാത്തപ്പോള്‍ അയല്‍പക്കക്കാരോട്‌ സംസാരിക്കരുത്‌. വീട്ടില്‍ ആരെങ്ങിലും വന്നാല്‍ വേഗം അകത്തു മുറിയിലേക്ക്‌ പൊയ്‌ക്കൊള്ളണം. വീട്ടില്‍ വന്ന ആരെങ്കിലും എന്തെങ്കിലും കഴിക്കുന്നിടത്ത്‌ വന്ന്‌ അവരുടെ കിറിക്ക്‌ നോക്കിയിരിക്കരുത്‌..പറഞ്ഞു മടുക്കുകയല്ലാതെ ആരു കേള്‍ക്കാന്‍.
ശല്യം മൂത്തപ്പോള്‍ താന്‍ വീണ്ടും പറഞ്ഞു നാട്ടുകാരെക്കൊണ്ട്‌ പറയിക്കാതെ വൃദ്ധസദനത്തില്‍ കൊണ്ടുവിടാമെന്ന്‌. സൂസമ്മയും ഏതാണ്ട്‌ സമ്മതിച്ചതാണ്‌. പക്ഷെ അച്ചായനെകൊണ്ടു മറ്റൊരാവിശ്യം വന്നത്‌ ആയിടയ്‌ക്കാണ്‌.
നഗരത്തിന്റെ പ്രാന്തപ്രദേശത്താണ്‌ വീട്‌. നാട്ടില്‍ നിന്ന്‌ വിറ്റു പോന്നപ്പോള്‍ ബോധപൂര്‍വ്വം തിരഞ്ഞെടുത്തതാണാപ്രദേശം .ഏതു പാതിരാത്രിയിലും യാത്രാസൗകര്യം . പള്ളി, ആശുപത്രി ,സിനിമാ തിയറ്റര്‍, മാര്‍ക്കറ്റ്‌ തുടങ്ങി സാകര്യങ്ങളെല്ലാം വിളിപ്പാടകലെ. വേറൊന്നും അന്നു ചിന്തിക്കാനുണ്ടായിരുന്നില്ല. ചുറ്റുവട്ടത്തുള്ളവരെല്ലാം തങ്ങളുടെ അന്തസ്സിനുചേര്‍ന്നവര്‍..അവരവരുടെ കാര്യം മാത്രം നോക്കുന്നവര്‍. പിന്നീട്‌ എപ്പോഴോ വീട്ടിലെ വേസ്റ്റ്‌ ഒരു പ്രശ്‌നമാകാന്‍ തുടങ്ങി.
നാട്ടില്‍ പറമ്പ്‌ വിശാലമായി കിടന്നിരുന്നതിനാല്‍ വേസ്റ്റ്‌ ഒരു ശല്യമായിരുന്നില്ല. പക്ഷെ അടിക്കണക്കിന്‌ സ്ഥലത്തിന്‌ വിലപറയുന്ന നഗരത്തില്‍ കഥയതാണോ...ആദ്യമൊക്കെ വേസ്‌റ്റ്‌ മുനിസിപ്പാലിറ്റി പറയുന്നിടത്ത്‌ കൊണ്ട്‌ നിക്ഷേപിക്കുമായിരുന്നു. പിന്നീട്‌ അതൊരു ജോലിയായി മാറിയപ്പോള്‍ ബുദ്ധിമുട്ടായി. ഇരുകൈകളിലും വീട്ടിലെ വേസ്‌റ്റ്‌ മുഴുവന്‍ തൂക്കിപ്പിടിച്ചു രാവിലെയൊരു നെട്ടോട്ടം. കുറച്ച്‌ കൂടി ആരോഗ്യമുണ്ടായിരുന്നെങ്കില്‍ അച്ചായനെ വിടാമായിരുന്നു.
നല്ല മഴയുള്ളൊരു പ്രഭാതത്തില്‍ മടി മനസ്സിനെ നനച്ചപ്പോള്‍ അധികമൊന്നും ചിന്തിച്ചില്ല. അന്നത്തെ വേസ്റ്റ്‌്‌ വീടിനുമുന്നിലെ റോഡരികിലേക്കിട്ടു. . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ട ചുമതല മാത്രമേ നമുക്കുള്ളല്ലോ. മതിലിനുപുറത്തെ കാര്യങ്ങള്‍ നോക്കാനാണല്ലോ മുനിസിപ്പാലിറ്റി. മടിയില്‍ നനഞ്ഞിരിക്കുമ്പോള്‍ ഉള്ള ചിന്തയതായിരുന്നു.
ചിന്തകളും ധാരണകളും തെറ്റിയെന്നു മനസ്സിലായതു മഴതോര്‍ന്ന്‌ ഉച്ചയോടെ റോഡിലേക്കിറങ്ങിയപ്പോള്‍ ആയിരുന്നു. വീടിന്റെ മുന്‍പിലുള്ള മതിലിനുവെളിയില്‍ രാവിലെ താന്‍ നിക്ഷേപിച്ച രണ്ട്‌ കൂടു മാലിന്യങ്ങള്‍ക്കൊപ്പം മറ്റാരുടെയൊക്കയോ കൂടുകളും. സ്വന്തം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനുള്ള ആളുകളുടെ ത്വര കൂടുതലാണെന്ന്‌ മനസ്സിലായതു പിന്നീടുള്ള ദിവസങ്ങളിലായിരുന്നു.
താന്‍ വേസ്റ്റ്‌ തൂക്കി നടപ്പാരംഭിച്ചിട്ടും വീടിനുമുന്നില്‍ വീണ്ടും മാലിന്യം നിറഞ്ഞ കൂടുകള്‍ വന്ന്‌ വീഴാന്‍ തുടങ്ങി. . ഊരും പേരും നാളും ഒന്നുമില്ലാത്ത, വേസ്റ്റുകള്‍ കുത്തിനിറച്ച പ്ലാസ്റ്റിക്ക്‌ സഞ്ചികള്‍..
സ്വന്തം പറമ്പിനു പുറത്ത്‌ വേസ്റ്റിടാന്‍ ഒരു സ്ഥലം തപ്പി ആളുകള്‍ പരക്കം പായുകയാണെന്ന്‌ മനസ്സിലായതോടെ വീടിനു മുന്‍പിലേക്കുളള ആളുകളുടെ വേസ്റ്റിടല്‍ മാറാന്‍ സൂസമ്മ നൊവേന ചൊല്ലി. മതിലില്‍ ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്ന്‌ എഴുതിയിട്ടു. എന്തുഫലം. മുന്‍സിപ്പല്‍ കൗണ്‍സിലറെ വീട്ടില്‍ പോയികാണേണ്ടതുപോലെ കണ്ടു ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്‌ ശിക്ഷാര്‍ഹം എന്ന നഗരസഭയുടെ ഒരു ബോര്‍ഡ്‌ തരപ്പെടുത്തി സ്ഥാപിച്ചിട്ടും വേസ്‌റ്റ്‌ ഭൂതം വിട്ടൊഴിഞ്ഞില്ല. ആര്‌ എപ്പോള്‍ കൊണ്ടിടുന്നു എന്ന്‌ നോക്കിയിരിക്കാന്‍ ആര്‍ക്ക്‌ സമയം.
ബുദ്ധി വീണ്ടും പറഞ്ഞു തന്നത്‌ സൂസമ്മയാണ്‌. അച്ചായനെ ഇപ്പോള്‍ വൃദ്ധസദനത്തിലേക്ക്‌ അയയ്‌ക്കാന്‍ വരട്ടെ ഇവിടെ ആവിശ്യമുണ്ട്‌. പിറ്റേന്നു മുതല്‍ അച്ഛായന്റെ ഇരുപ്പ്‌ സിറ്റൗട്ടില്‍ നിന്ന്‌ പുറത്തു വീടിന്റെ മുന്‍ഭാഗത്തെ മതിലിനടുത്തേക്കു മാറി. അച്ചായന്‌ ഇരിക്കാന്‍ പൊക്കമുള്ള ഒരു മരക്കസേര അവിടെ ഇട്ടുകൊടുത്തതും സൂസമ്മയാണ്‌. രാവിലെ എട്ടുമുതല്‍ വൈകിട്ട്‌ ആറുവരെ അച്ചായന്‍ അവിടെയിരിക്കണം. ചുമ്മായിരുന്നാല്‍ മാത്രം പോര..തന്റെ വാക്കിംങ്ങ്‌ സ്‌റ്റിക്ക്‌ ഇടയിക്കിടയ്‌ക്ക്‌ മതിലേല്‍ അടിച്ച്‌ ഒരാള്‍ ഇവിടെയിരിപ്പുണ്ട്‌ എന്ന്‌ ആളുകളുടെ ശ്രദ്ധയില്‍പ്പെടുത്തുകകൂടിവേണം.
എന്നാലല്ലേ ആളുകള്‍ വേസ്റ്റെറിഞ്ഞിട്ടു പോകാതിരിക്കൂ. രാവിലെ ആറുതൊട്ട്‌ എട്ടുവരെയുള്ള നടപ്പ്‌ വീടിനുമുന്നിലേക്ക്‌ താനും മാറ്റി. ആ സമയത്തുള്ള ആളുകളുടെ വേസ്റ്റിടല്‍ അങ്ങനെ പരിഹരിച്ചു. ആറുമണിക്ക്‌ അച്ചായന്റെ ഇരുപ്പു തീര്‍ന്നാല്‍ സെക്യൂരിറ്റി എത്തിക്കോളും . പിന്നെ പുലര്‍ച്ചെ ആറുവരെ കാര്യങ്ങള്‍ അയാള്‍ നോക്കിക്കൊള്ളും.
സൂസമ്മയുടെ അല്ലേ ബുദ്ധി, മോശമാകുമോ . വീടിന്റെ മുന്നിലുള്ള ആളുകളുടെ വേസ്‌റ്റിടല്‍ കുറഞ്ഞു. പക്ഷെ പൂര്‍ണ്ണമായും അതങ്ങ്‌ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. ചിലരൊക്കെ അച്ചായന്റെ കണ്ണുവെട്ടിക്കും. വേറെ ചിലരാകട്ടെ വാഹനങ്ങളില്‍ വന്ന്‌ വേസ്‌റ്റ്‌ എറിഞ്ഞിട്ട്‌ പോകുകയാണ്‌ ചെയ്യുക. തന്റെ ബുദ്ധിയുടെ പരാജയമല്ല അച്ഛായന്റെ ഉറക്കംതൂങ്ങലാണ്‌ ഇതിനുകാരണമെന്നാണ്‌ സൂസമ്മയുടെ അഭിപ്രായം. താനും സൂസമ്മയും മാറിമാറി ചീത്തപറഞ്ഞുനോക്കി .ചീത്തകേള്‍ക്കുന്നയന്ന്‌ ഒന്നു ശ്രദ്ധിക്കും അടുത്ത ദിവസം വീണ്ടും തഥൈവ. അച്ചായന്റെ മടിയും വാശിയുമാണ്‌ പ്രശ്‌നം. അഹങ്കാരം എന്നല്ലേ പറയേണ്ടത്‌. സമയാസമയത്തിന്‌ ഭക്ഷണം, മരുന്ന,്‌ ഒന്നിനും ഒരു കുറവുമില്ല. ചെയ്യാനുള്ളതാണെങ്കില്‍ ചുമ്മാ ഇരുന്ന്‌ ആരെങ്കിലും മതിലിനടുത്ത്‌ വേസ്റ്റിടുന്നുണ്ടോയെന്ന്‌ ശ്രദ്ധിക്കുക. റോഡിലൂടെ ആളുകള്‍ പോകുന്നതും വാഹനങ്ങള്‍ നീങ്ങുന്നതു ഒക്കെ നോക്കിയിരുന്നാല്‍ സമയം പോയ്‌ക്കോളുകയും ചെയ്യും. എല്ലാവര്‍ക്കും കിട്ടുന്ന അവസരങ്ങളാണോയിതൊക്കെ. വയസ്സ്‌ എണ്‍പതുകഴിഞ്ഞ ആളോട്‌ ഇതൊന്നും പറഞ്ഞുമനസ്സിലാക്കികൊടുക്കേണ്ട ആവിശ്യമില്ലല്ലോ.
കാര്യങ്ങള്‍ തട്ടിമുട്ടിയൊക്കെ മുന്നോട്ട്‌ പോകുകയായിരുന്നു. പക്ഷെ എന്തുചെയ്യാം അട്ടയെ പിടിച്ച്‌ മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ലല്ലോ. സംഭവിച്ചത്‌ അതാണ്‌. അച്ചായന്‍ റോഡിലൂടെ പോകുന്നവരോടൊക്കെ സിഗരറ്റു ചോദിക്കാന്‍ തുടങ്ങി. വലിക്കരുതെന്ന്‌ സൂസമ്മയും താനും കട്ടായം പറഞ്ഞിട്ടുള്ളതാണ്‌. വലിച്ചാല്‍ ചുമയോട്‌ ചുമയാണ്‌. അതുകൊ|ു ഞങ്ങള്‍ മേടിച്ചു കൊടുക്കാറുമില്ല. വീട്ടില്‍ തേയ്‌ക്കാന്‍ വരുന്ന മുരുകന്‍ പറഞ്ഞപ്പോളാണ്‌ സംഭവം സൂസമ്മയറിയുന്നത്‌. കുടുംബത്തിന്‌ ഇതിലും വലിയ നാണക്കേടുണ്ടോ? . അവള്‍ അന്ന്‌ അച്ചായനെ തല്ലിയില്ലന്നേയുള്ളു. തീര്‍ന്നില്ല കുറച്ച്‌ നാളായി വഴിയിലൂടെ പോകുന്നവരോടൊക്കെ കാശ്‌ ചോദിക്കാനും തുടങ്ങിയിരിക്കുന്നു. ചായ കുടിക്കാനാണെന്നാണ്‌ പറയുന്നത്‌. ആളുകള്‍ എന്തുവിചാരിക്കും. ഏകമകനായ താന്‍ അപ്പനെ നോക്കുന്നില്ലായെന്നല്ലേ അവര്‍ കരുതു.
കാര്യങ്ങള്‍ സങ്കീര്‍ണ്ണമായി. ആളുകള്‍ വേസ്‌റ്റിടുന്നുണ്ടോയെന്നു നോക്കാന്‍ ഇനി അച്ചായനെയിരുത്താന്‍ പറ്റില്ല.അതിനായി ഒരാളെ ജോലിക്കുവയ്‌ക്കുന്നത്‌ സാമ്പത്തികവശം നോക്കുമ്പോള്‍ ബുദ്ധിയുമല്ല.
അപ്പോഴും രക്ഷയ്‌ക്കെത്തിയതു സൂസമ്മതന്നെയാണ്‌. ഒരു ആറുക്കു നാല്‌ ഫ്‌ളക്‌സ്‌്‌ പ്രിന്റു ചെയ്യിപ്പിക്കാന്‍ പറഞ്ഞത്‌ അവളാണ്‌. പ്രിന്റ്‌ ചെയ്യാനുള്ള വാചകങ്ങള്‍ പറഞ്ഞുതന്നതും . പെണ്ണിന്റെ ഒരു ബുദ്ധിയെ. ഫ്‌ളക്‌സ്‌ ഇപ്പോള്‍ കിട്ടും .നാളെയതു വീടിനുമുന്‍പില്‍ വലിച്ചുകെട്ടിയിട്ടു വേണം അച്ചായനെ വൃദ്ധസദനത്തില്‍ കൊണ്ടുചെന്നാക്കാന്‍. സൂസമ്മയും കൊണ്ടുവിടാന്‍ വരുന്നുണ്ട്‌.
ബില്ലും ഫ്‌ളക്‌സും എത്തികഴിഞ്ഞിരിക്കുന്നു. ബില്ലടയ്‌ക്കും മുമ്പ്‌ ഫ്‌ളക്‌സ്‌ നിവര്‍ത്തി തെറ്റുവല്ലതുമുണ്ടോയെന്നു പരിശോധിച്ചു. `'ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കരുത്‌. ഒളികാമറ വച്ചിരിക്കുന്നു. മാലിന്യം നിക്ഷേപിക്കുന്നവര്‍ ശിക്ഷിക്കപ്പെടും. ഇല്ല. തെറ്റൊന്നുമില്ല. ഫ്‌ളക്‌സ്‌ ചുരുട്ടിയെഴുന്നേറ്റു. പിന്നില്‍ നിന്നു കാഷ്യര്‍ വിളിച്ചുപറഞ്ഞു ഇത്‌ ഒളികാമറയുടെ കാലമല്ലേ. ആളുകള്‍ക്ക്‌ ഇപ്പോള്‍ പേടി ഉണ്ടെങ്കില്‍ ഈ രഹസ്യ കുന്ത്രാണ്ടത്തെ മാത്രമേയുളളു, മനസ്സപ്പോള്‍ ചിന്തിച്ചതിങ്ങെനയാണ്‌ സൂസമ്മയുടെ അല്ലേ ബുദ്ധി അതെങ്ങനെ പിന്‍ബുദ്ധിയാകും.

ശുഭം

യെല്‍ദോ ജേക്കബ്‌

1 അഭിപ്രായം:

  1. ഇനി ഇപ്പൊ ഈ വിഷയത്തിന് ഇത് മാത്രമേ പരിഹാരം ഉള്ളു. പക്ഷെ ആര്‍ ശിക്ഷിക്കും എന്നതാണ് ചോദ്യം. എന്തായാലും കഥ കേമമായിരിക്കുന്നു. അഭിനന്ദനങള്‍ .

    മറുപടിഇല്ലാതാക്കൂ